വഖഫ് ഭേദഗതി നിയമത്തിനെതിരെ ഹർജികളുടെ ഒഴുക്ക്; സ്റ്റേയ് തടയാൻ തടസ്സഹർജിയുമായി കേന്ദ്രം
വഖഫ് ഭേദഗതി നിയമം ചോദ്യം ചെയ്ത് സുപ്രീംകോടതിയിൽ ഹർജികളുടെ ഒഴുക്ക് തുടരുന്നു. ഇതുവരെ 15 ഓളം ഹർജികളാണ് കോടതി പരിഗണനയ്ക്ക് എത്തിയിരിക്കുന്നത്. ഈ ഹർജികൾ ഏപ്രിൽ 15ന് സുപ്രീംകോടതി പരിഗണിച്ചേക്കുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. വഖഫ് ഭേദഗതി നിയമത്തിനെതിരെ ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്, ആർജെഡി, ഡിഎംകെ, മുസ്ലിം വ്യക്തിനിയമ ബോർഡ്, ജംഇയ്യത്തുൽ ഉലമ ഹിന്ദ്, സമസ്ത തുടങ്ങിയ സംഘടനകളും രാഷ്ട്രീയ പാർട്ടികളും സുപ്രീംകോടതിയെ സമീപിച്ചിട്ടുള്ളതായി വ്യക്തമാകുന്നു. നിയമം സ്റ്റേ ചെയ്യരുതെന്നും ഹർജികളിൽ തീരുമാനമെടുക്കുന്നതിന് മുമ്പ് കേന്ദ്ര സർക്കാരിന്റെ വാദം കേൾക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് കേന്ദ്ര സർക്കാർ സുപ്രീംകോടതിയിൽ തടസ്സഹർജി ഫയൽ ചെയ്തിട്ടുണ്ട്. ഇതിനിടെ, വഖഫ് ഭേദഗതി നിയമം പ്രാബല്യത്തിലാക്കിക്കൊണ്ട് കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം ഔദ്യോഗിക വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ട്. പാർലമെന്റിന്റെ ഇരു സഭകളും പാസ്സാക്കിയ ഈ നിയമത്തിൽ കഴിഞ്ഞ ദിവസമാണ് രാഷ്ട്രപതി ഒപ്പുവെച്ചത്.. മണിക്കൂറുകൾ നീണ്ട ചർച്ചയ്ക്കൊടുവിൽ വോട്ടെടുപ്പിലൂടെയാണ് ലോക്സഭയും രാജ്യസഭയും നിയമഭേദഗതി പാസ്സാക്കിയതും.